Nature Through My Cam: ഇന്ന്​ ലോക മുളദിനം; ഇവിടെയുണ്ട്, ഇളങ്കാറ്റില്‍ സംഗീതം പൊഴിക്കുന്ന മുളങ്കൂട്ടങ്ങള്‍

Friday 18 September 2020

ഇന്ന്​ ലോക മുളദിനം; ഇവിടെയുണ്ട്, ഇളങ്കാറ്റില്‍ സംഗീതം പൊഴിക്കുന്ന മുളങ്കൂട്ടങ്ങള്‍

 


ഒറ്റപ്പാലം: ഇളങ്കാറ്റി​െന്‍റ താളത്തിനൊത്ത് സംഗീതം പൊഴിക്കുന്ന മുളങ്കൂട്ടങ്ങളെ പാഴ്ചെടികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി വേരോടെ പിഴുതെറിയുന്നവരുടെ സമൂഹത്തില്‍ വേറിട്ട കാഴ്ചയാവുകയാണ് ബാലകൃഷ്ണന്‍ തൃക്കങ്ങോട് എന്ന മുന്‍ അധ്യാപകന്‍.


എളുപ്പത്തില്‍ ലാഭം ലഭിക്കുന്ന ഇതര കൃഷികളെയെല്ലാം ഒഴിവാക്കി ഒന്നര ഏക്കറിലാണ് ബാലകൃഷ്ണന്‍ മുളങ്കൂട്ടം നട്ടുവളര്‍ത്തിയിരിക്കുന്നത്. പുല്ലിനത്തില്‍പെട്ട മുളയുടെ പാരിസ്ഥിതിക പ്രസക്തിയും ഉപയോഗയോഗ്യതയും മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഇദ്ദേഹത്തി​െന്‍റ മുളകൃഷിയെക്കുറിച്ചുള്ള ഹ്രസ്വചിത്രം ലോക മുളദിനമായ വെള്ളിയാഴ്ച മന്ത്രി വി.എസ്.
സുനില്‍കുമാര്‍ യുട്യൂബില്‍ പ്രകാശനം ചെയ്യും.

'സസ്യ'യുടെ ബാനറില്‍ 'പാമാര​െന്‍റ മരം' എന്നപേരില്‍ പുറത്തിറങ്ങുന്ന വിഡിയോ മന്ത്രിയുടെ ആശംസകളോടെയാണ് ആരംഭിക്കുന്നത്. എസ്. സുജിത്ത് സംവിധാനം നിര്‍വഹിച്ച ചിത്രത്തി​െന്‍റ ഛായാഗ്രഹണം ആര്‍. കിരണും ചിത്രസംയോജനം തോമസ്, ജെറി എന്നിവരുമാണ്.

ശരാശരി മലയാളികര്‍ഷകര്‍ മണ്ണും മനസ്സും റബര്‍കൃഷിയിലേക്ക് പറിച്ചുനട്ട കാലത്താണ് ബാലകൃഷ്ണന്‍ മുളങ്കൃഷിയിലേക്ക് തിരിഞ്ഞത്. നാട്ടിലുള്ള മുളകള്‍ കൂട്ടത്തോടെ കട്ടയിട്ട് നശിക്കുന്ന കാലമായിരുന്നു അത്. മുളയാണ് നാളത്തെ വിള എന്ന തിരിച്ചറിവാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് ചക്കക്ക്​ താരപദവി നേടിക്കൊടുത്ത ബാലകൃഷ്ണന്‍ പറയുന്നു.

ഇദ്ദേഹം സര്‍ക്കാറിന് നല്‍കിയ നിവേദനം പരിഗണിച്ചാണ് 2018 മാര്‍ച്ച്‌ 21ന് ചക്കക്ക്​ സംസ്ഥാന ഫലമെന്ന ഔദ്യോഗിക പദവി പ്രഖ്യാപിച്ചത്. മുള്ളില്ലാത്ത വിവിധ ഇനങ്ങള്‍ക്ക് പുറമേ നാടന്‍ മുളകളും ബാലകൃഷ്ണ​െന്‍റ തോട്ടത്തിലുണ്ട്.

പ്രകൃതിസൗഹൃദമാണ് മുളയെന്നും മണ്ണൊലിപ്പ് തടയാനും ജലസംരക്ഷണം ഉറപ്പാക്കാനും ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറയുന്നു. തോട്ടത്തില്‍ നിര്‍മിച്ച മഴക്കുഴികളിലൂടെ വെള്ളം ഭൂമിയിലേക്ക് താഴ്ന്നിറങ്ങുന്നതുമൂലം ഇതിന് സമീപമുള്ള കിണറുകള്‍ ജലസമൃദ്ധമാണ്​.

കാര്യമായ പരിചരണം ആവശ്യമില്ലാത്ത മുളക്ക് വിപണനസാധ്യത ഏറെയാണ്. ബാംബൂ കോര്‍പറേഷന്‍പോലെയുള്ള സ്ഥാപനങ്ങള്‍ക്ക് മുള കൂടിയതോതില്‍ ആവശ്യമുള്ളതായും ബാലകൃഷ്ണന്‍ പറഞ്ഞു. വട്ടി, കുട്ട തുടങ്ങിയ പരമ്ബരാഗത നിര്‍മാണത്തില്‍നിന്ന്​ അത്യാധുനിക ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനുവരെ ഇന്ന് മുളയെ ആശ്രയിക്കുന്നുണ്ട്.

2018ലെ വനമിത്ര പുരസ്‌കാരത്തിന് അര്‍ഹനായ ബാലകൃഷ്ണന്‍ ബ്ലോക്ക് പഞ്ചായത്ത് ജൈവവൈവിധ്യ സമിതി കണ്‍വീനറുമാണ്. ആഗോള ബാംബൂ ഓര്‍ഗനൈസേഷന്‍ ആരംഭിച്ചതാണ് മുളദിനം. 2009ല്‍ ബാങ്കോകില്‍ നടന്ന ലോക മുളസമ്മേളനമാണ് സെപ്റ്റംബര്‍ 18 മുളദിനമായി പ്രഖ്യാപിച്ചത്.

No comments:

Post a Comment