നമ്മുടെ സ്വന്തം ഭാരതം എന്നും വിസ്മയങ്ങളുടെ നാടാണ്. ഒരുപക്ഷേ മറ്റേതൊരു രാജ്യത്തുള്ളതിനെക്കാളും മനോഹരവും അത്ഭുതവും നിറഞ്ഞ നിരവധി ചരിത്ര സ്മാരകങ്ങൾ നമ്മുടെ ഭാരതത്തിൽ തന്നെയാണുള്ളത് എന്ന് നിസ്സംശയം പറയാം. ഓരോ ചരിത്ര സ്മാരകങ്ങളുടെയും നിർമ്മിതികൾ നമ്മെ അതിശയിപ്പിക്കും എന്ന് തീർച്ച. അത്തരത്തിലൊരു നിർമ്മിതിയെയാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. അറബിക്കടലിന് നടുവിൽ തലയെടുപ്പോടെ നിൽക്കുന്ന മുരുട് ജൻജീര കോട്ടയാണ് താരം.
നിരവധി ചരിത്രമുഹൂർത്തങ്ങൾക്കും യുദ്ധങ്ങൾക്കും സാക്ഷ്യം വഹിച്ച ഈ കോട്ട മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മുരുടിലാണ് സ്ഥിതിചെയ്യുന്നത്. ജൽ ദുർഗ് കോട്ട എന്ന പേരിലും ഈ കോട്ട അറിയപ്പെടുന്നു. മുംബൈയിൽ നിന്നും 165 കിലോമീറ്റർ അകലെയുള്ള മുരുടിൽ നിന്ന് നോക്കിയാൽ കാണുന്ന ദ്വീപിലാണ് ഇന്ത്യയിലെ ഏറ്റവും ബലമേറിയ കോട്ട എന്നറിയപ്പെടുന്ന ജൻജീര കോട്ട കാണാൻ സാധിക്കുക. ദ്വീപിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും ഒറ്റ നോട്ടത്തിൽ കടലിൽ ഉയർന്നു വന്ന കോട്ട എന്നാണ് തോന്നുക.
കോട്ടയുടെ പേരായ ജൻജീര എന്നത് ഒരു അറബി പദം എന്നാണ് പറയുന്നത്. കൊങ്കണി ഭാഷയുമായും ഈ പദത്തിന് ബന്ധമുണ്ട്.
പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ കോട്ടയ്ക്ക് ഏതൊരു തരത്തിലുള്ള അക്രമങ്ങളെയും പ്രതിരോധിക്കാൻ ഉള്ള ശേഷിയുണ്ട്. തിരമാലകളിൽ നിന്നും രക്ഷ നേടാൻ 40 അടി ഉയരമുള്ള മതിലുകൾ ആണ് പണിതിരിക്കുന്നത്.
മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആൾക്കാർ ആണ് ആദ്യമായി ഇവിടെ ഒരു കോട്ട നിർമ്മിക്കുന്നത്. കടൽകൊള്ളക്കാരുടെ അക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് അവർ ഇത്തരത്തിലൊരു കോട്ട നിർമ്മിക്കുന്നത്. ശേഷം അഹമ്മദാബാദ് ഭരണാധികാരിയായിരുന്ന നൈസാം ഷാഹി സുൽത്താൻ ഇത് പിടിച്ചെടുക്കുകയും അതിനായി തന്നെ സഹായിച്ച അറബികൾക്കും മറ്റും കോട്ടയുടെ ചുമതല നൽകുകയും ചെയ്തു.
കോട്ടയിലെ വൃത്താകൃതിയിൽ ഉള്ള 19 പോർച്ചുകൾ ആണ് എടുത്ത് പറയേണ്ട മറ്റൊരു ആകർഷണം. ശത്രുക്കളെ തുരത്താൻ ഉപയോഗിച്ചിരുന്ന 572 പീരങ്കികളിൽ മൂന്നെണ്ണം ഇന്നും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഈ പീരങ്കികൾക്ക് 12 കിലോമീറ്റർ ദൂരത്തേക്ക് വരെ വെടിയുതിർക്കാൻ സാധിക്കും.
കോട്ടയുടെ വിശേഷങ്ങൾ പറയുമ്പോൾ കോട്ടയ്ക്കുള്ളിലെ ശുദ്ധജലം തരുന്ന രണ്ട് കുളങ്ങളെയും മറക്കാൻ പാടില്ലല്ലോ. ഇപ്പോഴും കടലിന് നടുവിലെ കോട്ടയിലെ ഈ ശുദ്ധജലകുളങ്ങൾക്ക് പിന്നിലെ രഹസ്യം കണ്ടെത്താൻ ആയിട്ടില്ല
മഴക്കാലത്ത് ഇവിടേക്കുള്ള യാത്രകൾ ഒഴിവാക്കുന്നത് നല്ലതാണ്. എന്തെന്നാൽ മഴക്കാലങ്ങളിൽ വലിയ തിരമാലകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് അപകടങ്ങൾക്ക് കാരണമാകും.
മുരുടിൽ നിന്നും ബോട്ട് മാർഗം വഴിയാണ് ഈ കോട്ടയിലെത്താൻ സാധിക്കുക. ഏകദേശം രണ്ടുമണിക്കൂർ കാണാൻ ഉള്ള കാഴ്ചകളുമായി ഇന്ത്യയിലെ ഏറ്റവും ബലമേറിയ കോട്ട നിങ്ങൾക്കായി കാത്തിരിക്കുന്നു.
No comments:
Post a Comment