ഏതൊരു സഞ്ചാരിയും ഒരിക്കൽ എങ്കിലും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് ഹിമാലയം. കാണുന്ന ഓരോ കാഴ്ചകളും അത്ഭുതമായി തോന്നുന്നതിനാൽ ആണ് ഇവിടെ വരാനും സമയം ചിലവഴിക്കാനും പലരും ആഗ്രഹിക്കുന്നത്.
ഹിമാലയ യാത്രകളിൽ മറക്കാതിരിക്കണം സ്പിതി വാലിയിലെ ജീവിക്കുന്ന മമ്മിയുടെ ക്ഷേത്രം. ഹിമാചൽപ്രദേശിലെ കാസാ ജില്ലയിലെ ഗ്യൂ ഗ്രാമത്തിലാണ് ഏകദേശം 500 വർഷങ്ങൾ പഴക്കമുള്ള മമ്മിയെ കാണാൻ സാധിക്കുക. 15-)o നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബുദ്ധമത സന്യാസിയായിരുന്ന സാംഗ ഡെഞ്ചിൻ എന്ന വ്യക്തിയുടെ ശരീരമാണ് ഇവിടെ മമ്മിയാക്കി സൂക്ഷിച്ചിരിക്കുന്നത്. ഒരു ചില്ലുകൂടാരത്തിനുള്ളിൽ സുരക്ഷിതമാണ് മമ്മി. മമ്മിയുടെ നഖം, പല്ല്, മുടി എന്നിവ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരാളുടെ പോലെ തോന്നിപ്പിക്കുന്നതാണ്. ഒരു കെമിക്കലിന്റെയും സഹായമില്ലാതെ ഇപ്പോഴും ഈ ബുദ്ധസന്യാസിയുടെ ശരീരം കേടുകൂടാതെ ഇരിക്കുന്നത് അത്ഭുതം തന്നെയാണ്. ബുദ്ധ സന്യാസിയുടെ ശക്തിയുടെ ഫലമായാണ് ഇതിപ്പോഴും കേടുകൂടാതെ ഇരിക്കുന്നതെന്നാണ് വിശ്വാസികൾ പറയുന്നത്.
1975ൽ നടന്ന ഒരു ഭൂമികുലുക്കത്തിൽ ആണ് ബുദ്ധ സന്യാസിയുടെ ശരീരം കണ്ടെത്തുന്നത്. കുറച്ച് വർഷങ്ങളുടെ പഴക്കം മാത്രമാണ് തോന്നിയതെങ്കിലും തുടർന്നുള്ള വിശദമായ പഠനങ്ങൾക്ക് ശേഷമാണ് ഇതൊരു മമ്മിയാണെന്നും 500 വർഷങ്ങൾ പഴക്കമുണ്ടെന്നും മനസിലാക്കുന്നത്. മമ്മിയെ മഞ്ഞിനടിയിൽ നിന്നും ലഭിച്ചപ്പോൾ അതിൽ നിന്നും രക്തം വന്നിരുന്നു എന്നും പറയുന്നു.
ബുദ്ധമതവിശ്വാസ പ്രകാരം ശരീരം മമ്മിയാക്കുന്ന പതിവ് ഇല്ല. എന്നാൽ എന്തുകൊണ്ടാണ് ഈ ബുദ്ധ സന്യാസിയുടെ ശരീരം മമ്മിയാക്കിയത് എന്നത് സംശയം തന്നെ. അതേ സമയം അദ്ദേഹം ജീവിച്ചിരുന്ന സമയങ്ങളിൽ ഈ പ്രദേശത്ത് തേളിന്റെ ശല്യം കൂടുതൽ ആയിരുന്നെന്നും തേളുകളെ ഒഴിവാക്കാൻ ആയി ഇദ്ദേഹം ഗാഢമായ തപസ് ആരംഭിക്കുകയും അതേ അവസ്ഥയിൽ സമാധിയാകുകയും ചെയ്തു എന്നാണ് പറയുന്നത്. തേളുകൾ ഈ മലയിറങ്ങി പോയതും പറയേണ്ടത് തന്നെ.ജീവിക്കുന്ന മമ്മിയെ കാണാൻ നിരവധിയാളുകൾ ആണ് ഇവിടെ വർഷംതോറും എത്തുന്നത്.
No comments:
Post a Comment