Nature Through My Cam: 900 കണ്ടി വയനാടിന്റെ ഹരിതഭംഗിക്ക് വനവിഭവങ്ങളാല്‍ സമൃദ്ധമായ ഇടം

Sunday 20 September 2020

900 കണ്ടി വയനാടിന്റെ ഹരിതഭംഗിക്ക് വനവിഭവങ്ങളാല്‍ സമൃദ്ധമായ ഇടം

 


തിങ്ങി നിറഞ്ഞ കാടിനുള്ളിലൂടെ യാത്ര ചെയ്യണമെന്ന് നിങ്ങളാഗ്രഹിക്കാറുണ്ടോ...? കാടും, മലകളും, അരുവികളും, കുന്നുകളും, പക്ഷിമൃഗാധികളേയും നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടോ...?

നിങ്ങള്‍ സാഹസിക യാത്ര ഇഷ്ടപ്പെടുന്നവരാണോ...?
ഈ പറഞ്ഞതൊക്കെ ആര്‍ക്കും ഇഷ്ടമാവും. എന്നാലും ഒരു പഞ്ചിന് ചോദിച്ചെന്ന് മാത്രം. പ്രകൃതിയുടെ എല്ലാ ഗുണങ്ങളും ഒത്തു ചേര്‍ന്ന ഒരു സ്ഥലം. അതാണ് വയനാട്ടിലെ 900കണ്ടിയുടെ പ്രത്യേകത. പൂക്കോട് തടാകവും ബാണാസുരയും കുറുവാ ദ്വീപും പച്ചയണിഞ്ഞ തേയിലതോട്ടങ്ങളും പിന്നെ കുറച്ച്‌ കാടുകളുമായാല്‍ വയനാട് കഴിഞ്ഞു എന്നാണ് ധാരണയെങ്കില്‍ അതൊന്നുമല്ല, അതുക്കും മേലേ...
പ്രകൃതിഭംഗിയും ഹിമകണങ്ങള്‍ തലോടിയ കാട്ടു ചെടികളും കാട്ടാറുകളും കുയിലിന്റെ ശബ്ദവും ഇന്നും നിലച്ചിട്ടില്ലാത്ത സുന്ദരക്കാഴ്ച്ചകളും നിറഞ്ഞ സ്ഥലം..

കാട്ടാനകളുടേയും കാട്ടുനായ്ക്കന്മാരുടെയും വാസസ്ഥലം... ഇത് 900 കണ്ടി, വയനാടിന്റെ ഹരിതഭംഗിക്ക് വനവിഭവങ്ങളാല്‍ സമൃദ്ധമായ ഇടം.
കല്‍പ്പറ്റയില്‍ നിന്ന് ഏകദേശം ഇരുപത് കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്നു. ചുണ്ടലില്‍ നിന്ന് മേപ്പാടി ചൂരല്‍മല സൂചിപ്പാറ റൂട്ടില്‍ 'കള്ളാടി' മഖാം കഴിഞ്ഞ് കിട്ടുന്ന ചെറിയ പാലം കടന്ന് വലത്തോട്ടുള്ള കുത്തനെയുള്ള വീതി കുറഞ്ഞ ടാര്‍ റോഡ്. പകുതി ദൂരം പിന്നിട്ടാല്‍ കോണ്‍ക്രീറ്റ് കൊണ്ടുള്ള പാതയാണ്. ബൈക്കിനോ അല്ലെങ്കില്‍ ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ക്കോ മാത്രം പോവാന്‍ പറ്റുന്ന വഴികള്‍. ഇരുവശങ്ങളിലും ഇടതൂര്‍ന്ന സുന്ദരവനം. ഇടയ്ക്ക് ചെറിയ വെള്ളച്ചാട്ടവും അരുവികളും നിങ്ങള്ക്കുകാണാം...
900കണ്ടി...ഇത് ഭൂമിയിലെ സ്വര്‍ഗ്ഗമാണ് എന്ന് പറയുന്നില്ല. എന്നാലൊന്ന് പറയാം. 'സ്വര്‍ഗീയാനുഭൂതി' എന്നൊന്നുണ്ടെങ്കില്‍ അതിവിടെ ലഭിക്കും. അത്ര മനോഹരം...

No comments:

Post a Comment