Nature Through My Cam: സിഗ്നൽ നഷ്ടപ്പെട്ടു, രാജ്യങ്ങൾ താണ്ടി റെക്കോർഡുകൾ സൃഷ്ടിച്ച ഓനോൺ എവിടെ? ആശങ്കയോടെ ഗവേഷകർ!

Friday 9 October 2020

സിഗ്നൽ നഷ്ടപ്പെട്ടു, രാജ്യങ്ങൾ താണ്ടി റെക്കോർഡുകൾ സൃഷ്ടിച്ച ഓനോൺ എവിടെ? ആശങ്കയോടെ ഗവേഷകർ!

 World Thapal day... 



സാധാരണ കുയിലുകളുടെ വലുപ്പവും ചാരനിറത്തിലെ തൂവലുകളുമൊക്കെയായി കാഴ്ചയ്ക്ക് മറ്റേതൊരു കുയിലിനെയും പോലെ തന്നെയാണ് ഒാനോൺ. എന്നാൽ ഈ കുയിൽ സാധാരണക്കാരനല്ല എന്നതാണ് വാസ്തവം. കരയിലുള്ള പക്ഷികളിൽ ഏറ്റവും ദൈർഘ്യമേറിയ ദേശാടനം നടത്തിയ പക്ഷി എന്ന റെക്കോർഡാണ് ഒനോൺ നേടിയത്. 16 രാജ്യങ്ങളും 27 അതിർത്തികളും പിന്നിട്ട് 26000 കി.മീ ദൂരം പറന്നാണ് ഒനോൺ റെക്കോർഡുകൾ കീഴടക്കിയത്. മടക്കയാത്രയിൽ രണ്ടര ദിവസം കൊണ്ട് അറേബ്യൻ സമുദ്രം പിന്നിട്ട് യെമനിൽ പറന്നിറങ്ങിയ ഓനോണിന്റെ സിഗ്നൽ ഒക്ടോബർ ഒന്നിനാണ് അവസാനമായി ഗവേഷകർക്ക് ലഭിച്ചത്. ഇന്നലെ വരെ ഓനോണിന്റെ യാതൊരു വിവരവും ഗവേഷകർക്ക് ലഭിക്കാതായതോടെയാണ് ആശങ്കയുയർന്നത്.


തന്റെ വാസസ്ഥലമായ സാംബിയയിൽ നിന്നു കഴിഞ്ഞ ശൈത്യകാലത്താണ് ഒാനോൺ ദേശാടനം ആരംഭിച്ചത്. നിരവധി രാജ്യങ്ങളിലൂടെ സഞ്ചരിച്ച്, ശക്തമായ കാറ്റും പ്രതികൂലമായ കാലാവസ്ഥകളുമെല്ലാം അതിജീവിച്ച്, ഒരു സമുദ്രവും കടന്ന നീണ്ട ദേശാടനം അവസാനിച്ചത് മംഗോളിയയിലാണ്.
കഴിഞ്ഞ വർഷം ഒാനോൺ അടക്കം അഞ്ച് കുയിലുകളുടെ സഞ്ചാരപഥം കണ്ടെത്തുന്നതിനായി ഗവേഷകർ അവയുടെ ശരീരത്തിൽ സാറ്റ്‌ലെറ്റ് ടാഗുകൾ ഘടിപ്പിച്ചിരുന്നു. ഇതിലൂടെയാണ് ഇത്രയും നീണ്ട ദേശാടനം ഒാനോൺ നടത്തിയെന്നു കണ്ടെത്തിയത്. മംഗോളിയയിലെ ഗവേഷകരും ബ്രിട്ടിഷ് ട്രസ്റ്റ് ഫോർ ഓർണിത്തോളജിയും സംയുക്തമായാണ് മംഗോളിയ കുക്കു പ്രോജക്ട് എന്ന പേരിൽ കുയിലുകളുടെ സഞ്ചാരത്തെക്കുറിച്ച് പഠനം നടത്തിയത്.

2019 ജൂണിലാണ് ഓനോണിന് സാറ്റ്‌ലെറ്റ് ടാഗ് നൽകിയത്. 16 രാജ്യങ്ങളും 27 അതിർത്തികളും കടന്ന് 26000 കിലോമീറ്റർ ദൂരം അതിനുശേഷം ഒാനൺ സഞ്ചരിച്ചു. സഞ്ചാരത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലൂടെ വിശ്രമമില്ലാതെ നൂറു കണക്കിന് കിലോമീറ്ററുകൾ ഒനോൺ പറന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മണിക്കൂറിൽ ശരാശരി 60 കിലോമീറ്റർ വേഗത്തിലാണ് ടാൻസാനിയ, കെനിയ, സോമാലിയ എന്നീ പ്രദേശങ്ങളിലൂടെ ഒാനോൺ സഞ്ചരിച്ചത്.




അറബിക്കടൽ കടന്നശേഷം ഇന്ത്യയ്ക്കും ബംഗ്ലാദേശിനും മുകളിലൂടെ വളരെ വേഗത്തിൽ പറന്നു നീങ്ങി. അതിനുശേഷം ചൈനയും ബർമയുമെല്ലാം കടന്നാണ് പ്രജനനം നടത്തുന്നതിനായി ഓനോൺ മംഗോളിയയിൽ എത്തിച്ചേർന്നത്. ഒാനോണിനൊപ്പം സാറ്റ്‌ലെറ്റ് ടാഗുകൾ നൽകിയ മറ്റ് നാലു കുയിലുകൾക്ക് പക്ഷേ ലക്ഷ്യസ്ഥാനത്തെത്താൻ സാധിച്ചില്ലായിരുന്നു.



മടക്കയാത്രയിൽ ഇന്ത്യയിലെ രാജസ്ഥാനും ബിഹാറുമുൾപ്പെടെ മിക്ക പ്രദേശങ്ങളിലൂടെയും ഓനോൺ സഞ്ചരിച്ചിരുന്നു. മൂന്ന് രാജ്യങ്ങളുടെ അതിർ‍ത്തികൾ പിന്നിട്ട് 5426 കിലോമീറ്റർ സഞ്ചരിച്ച് ഓനോൺ രാജസ്ഥാനിലെത്തിയത് സെപ്റ്റംബർ 24 നായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ യെമനിലേക്കുള്ള യാത്ര തുടങ്ങി. അറേബ്യൻ സമുദ്രം താണ്ടാൻ ഓനോണിന് വേണ്ടി വന്നത് വെറും രണ്ടര ദിവസം മാത്രമാണ്. 65 മണിക്കൂറിനുള്ളിൽ 3500 കിലോമീറ്റനാണ് ഓനോൺ സമുദ്രത്തിനു മുകളിലൂടെ പറന്നത്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലായിരുന്നു ഓനോണിന്റെ സഞ്ചാരമെന്ന് ഗവേഷകർ വ്യക്തമാക്കി. സെപ്റ്റംബർ 27ന് തെക്കൻ യമനിൽ പറന്നിറങ്ങി. രണ്ടര ദിവസം നിർത്താതെ പറന്നതിനു ശേഷം വിശ്രമിക്കാനും ആഹാരം തേടാനുമാകും ഇനിയുള്ള ദിവസങ്ങൾ യമനിൽ ചിലവഴിക്കുക. ലക്ഷ്യസ്ഥാനത്ത് ദേശാടനം കഴിഞ്ഞ് തിരിച്ചെത്താൻ ഇനിയും ഏറെദൂരം പിന്നിടാനുണ്ട് ഓനോണിന്.

ഇതിനിടയിൽ ആണ് ആശങ്കാജനകമായ റിപ്പോർട്ട് ബേർഡിങ് ബെയ്ജിങ്ങിന്റെ സൈറ്റിൽ വന്നത്. ഒക്ടോബർ ഒന്നിന് ശേഷം ഓനോണിന്റെ സിഗ്നലുകൾ കിട്ടുന്നില്ല. ചിലപ്പോൾ ഭക്ഷണമന്വേഷിച്ച് താഴ്ന്ന് പറക്കുന്നതിനാലാവാം ഇതെന്നാണ് ഗവേഷകരുടെ നിഗമനം. കുറച്ചു ദിവസങ്ങൾ കൂടി നീരീക്ഷിക്കാനാണ് ഗവേഷകരുടെ തീരുമാനം. എന്നിട്ടും സിഗ്നലുകൾ കിട്ടിയില്ലെങ്കിൽ എന്തെങ്കിലും ആപത്ത് സംഭവിച്ചിരിക്കാം. എന്തായാലും ഓനോണിൽ നിന്നുള്ള സിഗ്നലുകൾ കണ്ടെത്താനായി കണ്ണും നട്ട് കാത്തിരിക്കുകയാണ് ഗവേഷകർ. ഓനോണിന് ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയുമായി ലോകവും.

No comments:

Post a Comment