Nature Through My Cam: ലോകടൂറിസത്തില്‍ ഇടം നേടാന്‍ മലരിക്കലിലെ ആമ്ബല്‍പാടം, ഒരുങ്ങുന്നത് ഇ-ടൂറിസം

Tuesday 6 October 2020

ലോകടൂറിസത്തില്‍ ഇടം നേടാന്‍ മലരിക്കലിലെ ആമ്ബല്‍പാടം, ഒരുങ്ങുന്നത് ഇ-ടൂറിസം

 


കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി മലരിക്കലിലെ ആമ്ബല്‍ വസന്തം വന്‍ ഹിറ്റാണ് . കാസര്‍കോഡ് മുതല്‍ തിരുവനന്തപുരത്തു നിന്നു വരെ ആയിരക്കണക്കിന് സഞ്ചാരികളാണ് കോട്ടയം ജില്ലയിലെ മലരിക്കലിലേക്ക് ഒഴുകിയെത്തിയത്. ഏക്കറുകണക്കിന് പാടത്ത് പൂത്തുലഞ്ഞു കിടക്കുന്ന ആമ്ബല്‍ വസന്തത്തിന്റെ കാഴ്ച കേരളത്തിന് സോഷ്യല്‍ മീഡിയ ആയിരുന്നു സമ്മാനിച്ചത്. മീശപ്പുലിമല പോലെയും ഇല്ലിക്കല്‍കല്ല് പോലെയും വീണ്ടും സമൂഹ മാധ്യമങ്ങള്‍ ഹിറ്റാക്കിയ ഇടമായി മാറുവാന്‍ മലരിക്കലിന് അധികസമയം വേണ്ടിവന്നില്ല. മുന്‍ വര്‍ഷങ്ങളിലേത് പോലെതന്നെ ഇത്തവണയും ആമ്ബല്‍പ്പാടം പതിവിലും സുന്ദരിയായി മൊട്ടിട്ടെങ്കിലും കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ സഞ്ചാരികള്‍ക്ക് ഈ കാഴ്ച നഷ്ടമാവുകയാണ്.


ടുലിപ് ഫെസ്റ്റിവല്‍ പോലെ



കഴിഞ്ഞ വര്‍ഷം സഞ്ചാരികള്‍ ആമ്ബല്‍ വസന്തത്തെ ഏറ്റെടുത്തു കണ്ട സര്‍ക്കാര്‍ ആംസ്റ്റര്‍ഡാമിലെ ട്യുലിപ് ഫെസ്റ്റിവല്‍പോലെ ഇതിനെ മാറ്റിയെടുക്കാമെന്ന് വാഗ്ദാനം നല്കിയിരുന്നു. ട്യുലിപ്പുകള്‍ അതീ മനോഹരമായി പൂത്തുലഞ്ഞു നില്‍ക്കുന്ന മാര്‍ച്ച്‌, ഏപ്രില്‍, മേയ് മാസങ്ങളില്‍ നെതര്‍ലന്‍ഡിന്‍റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലേക്ക് പതിനായിരക്കണക്കിന് സഞ്ചാരികളാണ് ഈ കാഴ്ച കാണുന്നതിനായി ഒഴുകിയെത്തുന്നത്. ഇതുപോലെ മലവിക്കലിലെ ആമ്ബല്‍ വസന്തത്തെ ലോകവിനോദ സ‍ഞ്ചാര ഭൂപടത്തില്‍ ഉള്‍പ്പെടുത്തുവാനായിരുന്നു പദ്ധതി.

മണ്‍സൂണിലെ വസന്തം




കേരളത്തിലെ മഴക്കാല കാഴ്ചകളിലേക്കാണ് മലരിക്കലിലെ ആമ്ബല്‍ പൂത്തുകയറിയത്. 2019 ല്‍ മാത്രം 80,000ഓളം ആളുകളായിരുന്നു മലരിക്കല്‍ സന്ദര്‍ശിച്ചത്. പരമാവധി ര ജൂലൈ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ആമ്ബല്‍ വിരിയുന്നത്. ആ സമയം ഏക്കര്‍കണക്കിന് പാടത്ത് ഇവിടെ ആമ്ബല്‍ വിരിഞ്ഞു നില്‍ക്കുന്നത് കാണാം.

കോവിഡ് കൊണ്ടുപോയി




ഈ വര്‍ഷം ജൂണ്‍ മാസത്തോടെ ആമ്ബല്‍ മൊട്ടിട്ടിരുന്നു. ഓഗസ്റ്റ് 17 അഥവാ ചിങ്ങം ഒന്നു മുതല്‍ സഞ്ചാരികളെ ഇവിടേക്ക് പ്രവേശനം അനുവദിക്കുമെന്നായിരുന്നു ആദ്യ ധാരണയെങ്കിലും പിന്നീട് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം സ‍ഞ്ചാരികള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

പിങ്ക് വാട്ടര്‍ ലില്ലി ഇ-ഫെസ്റ്റിവല്‍




ആമ്ബല്‍ വസന്തം കൊവിഡ് കൊണ്ടുപോയതോടെ നിരാശയിലായ സഞ്ചാരികളെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ് പിങ്ക് വാട്ടര്‍ ലില്ലി ഇ-ഫെസ്റ്റിവല്‍. ഓണ്‍ലൈന്‍ വിനോദ സഞ്ചാരം വഴി മലരിക്കലിനെ പ്രസിദ്ധമാക്കുവാനാണ് തീരുമാനം. ആമ്ബല്‍ക്കാഴ്ചകള്‍ നേരിട്ടു കാണാനാവാത്ത സാഹചര്യത്തില്‍ ഓണ്‍വഴിയുള്ള കാഴ്ച പുതിയ പ്രതീക്ഷകളാണ് കേരള വിനോദ സഞ്ചാരത്തിനും സഞ്ചാരികള്‍ക്കും നല്കുന്നത്. ഇതുവഴി വരും വര്‍ഷങ്ങളില്‍ വിദേശ സഞ്ചാരികളുടെ യാത്രാ ലിസ്റ്റില്‍ കേരളത്തെ ഉള്‍പ്പെടുത്തുന്ന തരത്തില്‍ ആകര്‍ഷിക്കുവാനും സാധിക്കും.

ഓണ്‍ലൈനില്‍ ഇങ്ങനെ കേരള ടൂറിസം, ഇന്ത്യ ടൂറിസം, മലരിക്കല്‍ ടൂറിസം സൊസൈറ്റി തുടങ്ങിയ ഏജന്‍സികള്‍ സംയുക്തമായാണ് പിങ്ക് വാട്ടര്‍ ലില്ലി ഇ-ഫെസ്റ്റിവല്‍ നടത്തുന്നത്. ആമ്ബല്‍പാടത്തിന്റെയും സമീപത്തെയും മനോഹര കാഴ്ചകളും ഗൈഡഡ് ടൂറുകളും ചിത്രീകരിച്ച്‌ ഔദ്യോഗിക വെബ് സൈറ്റുകള്‍ വഴി സംപ്രേക്ഷണം ചെയ്യുവാനാണ് പദ്ധതി. ഓരോ ദിവസവും ഷൂട്ട് ചെയ്യുന്നത് ഓണ്‍ലൈനില്‍ ലൈവായി കാണുവാനും സാധിക്കും. മലരിക്കലിലെത്തി കാഴ്ച കാണുന്നതു പോലുള്ല അനുഭവം ഓണ്‍ലൈന്‍ വഴി സഞ്ചാരികkള്‍ക്ക് നല്കുവാനാണ് ടൂറിസം വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്.

ആമ്ബല്‍പൂത്ത കാഴ്ച കാണുവാന്‍




കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കലിലും പനച്ചിക്കാട് പഞ്ചായത്തിലെ അമ്ബാട്ടുകടവിലും കോട്ടയത്തിന്റെ പടിഞ്ഞാറന്‍മേഖലകളിലുമായാണ് ആമ്ബല്‍ പൂത്തു നില്‍ക്കുന്ന കാഴ്ച കാണുവാനുള്ളത്. കോട്ടയം ജില്ലയില്‍ കുമരകത്തിന് സമീപത്താണ് മലരിക്കല്‍ സ്ഥിതി ചെയ്യുന്നത്. കോട്ടയം ഇല്ലിക്കല്‍ കവലയില്‍ നിന്നും തിരുവാര്‍പ്പ് റോഡിലൂടെ കാഞ്ഞിരം ബോട്ട് ജെട്ടി റോഡ് വഴി കാഞ്ഞിരം പാലം കയറി ഇറങ്ങിയാല്‍ മലരിക്കലില്‍ എത്താം.
രണ്ടു കൃഷികള്‍ക്കിടയിലുള്ള സമയത്താണ് വയലുകളില്‍ ആമ്ബലുകള്‍ വിരിഞ്ഞു നില്‍ക്കുന്നത് എന്നതിനാല്‍ ഈ കാഴ്ചകള്‍ക്ക് അധികം ആയുസ്സുണ്ടാവില്ല. വയലുകളില്‍ കൃഷി വീണ്ടും തുടങ്ങുന്നതോടെ ഇതൊക്കെ മാറ്റി നശിപ്പിച്ച്‌ വീണ്ടും കൃഷി തുടങ്ങും.

No comments:

Post a Comment