മരിക്കും മുമ്പ് എനിക്കീ മണ്ണിൽ ഒരു കോടി മരം നടണം; ബാലേട്ടൻ പറയുന്നു
നൂറ് ഏക്കറിൽക്കൂടുതൽ വിസ്തൃതിയുള്ള ഒരു കാട് വെച്ചുപിടിപ്പിച്ച ഒരു മനുഷ്യനാണ് പാലക്കാടുകാരൻ ബാലേട്ടൻ. അമ്പതാം വയസ്സിൽ ലഭിച്ച ഒരു ഉൾവിളിയുടെ പുറത്ത് പ്രകൃതി സംരക്ഷണത്തിന് ഇറങ്ങിയ ബാലേട്ടൻ രണ്ട് പതിറ്റാണ്ട് കൊണ്ട് നട്ടുവളർത്തിയത് ഇരുപത് ലക്ഷം മരങ്ങളാണ്. നടൽ മാത്രമല്ല അവയെ പരിക്ക് പറ്റാതെ സംരക്ഷിക്കലും ബാലേട്ടന് സ്വന്തം ഉത്തരവാദിത്വമാണ്
രാവിലെ നാലര മണിക്ക് എഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾ കഴിഞ്ഞാൽ പിന്നെ ബാലേട്ടന് ചിന്തിച്ചിരിക്കാൻ നേരമില്ല. കൈക്കോട്ടും കുട്ടയുമായി ചുടിയൻ മലയിലേക്ക് ഒരു നടത്തമാണ്. ഈ മലയുടെ താഴെയാണ് ബാലേട്ടന്റെ വീട്. കരിമ്പനകൾക്ക് താഴെ വീണുകിടക്കുന്ന പനമ്പഴം ശേഖരിക്കുകയാണ് ആദ്യത്തെ ജോലി. പിന്നെ മലയുടെ താഴ്വാരത്തിൽ അത് നടുന്നു. മലയുടെ ചെരുവുകളിലും. മരങ്ങളോട് കുശലം പറഞ്ഞ് മെല്ലെ നടന്ന് മുകളിൽ എത്തിയാൽ ചെറിയ വ്യായാമം. വിത്തു ശേഖരണത്തിലും അവ നടുന്നതിലും തന്നെ തിരികെ മലയിറങ്ങുമ്പോഴും ശ്രദ്ധ. കഴിഞ്ഞ 22 വർഷമായി പുള്ളിയുടെ പതിവുപരിപാടികളാണിത്.
മുണ്ടൂരിലെയും പാലക്കാട് മാർക്കറ്റിലെയും പഴക്കടകളിൽ നിന്ന് എല്ലാ ദിവസവും ശേഖരിക്കുന്ന പഴങ്ങൾ കഴുകി വൃത്തിയാക്കി അത് വണ്ടിയിലാക്കി ബാലേട്ടൻ കാട്ടിലെത്തിക്കും. അതെന്തിനാണെന്നറിയുമ്പോഴാണ് നമ്മൾ അത്ഭുതപ്പെടുക. വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങാതിരിക്കാനാണ് ഇത്. അവർക്ക് വേണ്ട ഭക്ഷണവും വെള്ളവും കാട്ടിൽ തന്നെ എത്തിച്ചു കൊടുക്കുകയാണ് ബാലേട്ടൻ. എല്ലാ ദിവസവും രാവിലെയും വൈകീട്ടും അയ്യർമലയിലെ കാനന വഴികളിൽ വണ്ടിയിൽ പഴങ്ങളുമായെത്തുന്ന ബാലേട്ടനെ കാണാം.
No comments:
Post a Comment